Monday, October 10, 2011

ഇന്ത്യന്‍ റുപീ : Indian Ruppee Review - A Renjith Movie

Share

മലയാളി പ്രേക്ഷകരുടെ നല്ല സിനിമയോടുള്ള അഭിരുചി കളഞ്ഞതില്‍  മുഖ്യ പങ്കു വഹിച്ച  കുറെ ആള്‍ക്കാരുടെ കൂട്ടത്തിലെ പ്രമുഖര്‍ ആണ് ദിലീപ്-സിബി-ഉദയകൃഷ്ണ ടീം. ഒരേ തരം തട്ടു പൊളിപ്പന്‍ സിനിമകള്‍ കണ്ടു മലയാളി നല്ല സിനിമകള്‍ ഓടുന്ന കൊട്ടകയില്‍ നിന്നും ഓടി ഒളിച്ചപ്പോള്‍ ഇവിടെ തകര്‍ന്നത് കാത്തു സൂക്ഷിച്ച അന്തസ്സ് ആയിരുന്നു. ഒഴുക്കില്‍ പെട്ട് എല്ലാ സംവിധായകരും പോയപ്പോഴും അതിനെതിരെ നീന്താന്‍ കെല്‍പ്പുള്ള, ചങ്കുറപ്പുള്ള കുറച്ചു പേരെ കാലം സൂക്ഷിച്ചു വെച്ചിരുന്നു.

കച്ചവട സിനിമയുടെ അമരക്കാരന്‍ ആയി നിന്നപ്പോള്‍ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് രഞ്ജിത്തും നല്ല സിനിമയുടെ നാളേക്കുള്ള ഉദ്യമത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍  പിറവിയെടുത്തത് പ്രാഞ്ചിയേട്ടനും, നല്ല തിരക്കഥയും, പലേരി മാണിക്യവും ഒക്കെ ആയിരുന്നു.ഓഗസ്റ്റ്‌ സിനിമ കൊണ്ടു വന്ന ഒക്ടോബര്‍ മാസത്തിലെ ഇന്ത്യന്‍ റുപ്പീ എല്ലാ തരത്തിലും ഒരു ഉയര്‍ത്തെഴുന്നെല്‍പ്പാണ്.മലയാള സിനിമക്കും, കൂലി സംഘടനകള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ  ചവുട്ടി പുറത്താക്കിയ മഹാ നടന്‍ തിലകനും, ഒരു കല്യാണം കഴിച്ചതിന്റെയും
രണ്ടു മൂന്ന്  കള്ളങ്ങള്‍ ഒരുമിച്ചു പറഞ്ഞതിന്റെയും പേരില്‍ ടിന്റു മോനെ കടത്തിവെട്ടിയ പ്രിഥ്വിരാജ് എന്ന ഈ സിനിമയിലെ നായകനും പണമിറക്കിയവന്റെയും.

ഇന്നത്തെ തലമുറയിലെ ഒരു സാധാരണക്കാരനാണ് ജയപ്രകാശ്. ചുറ്റുപാടുകള്‍ അവനെ ഒരു റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കെര്‍ ആക്കുന്നു. അവന്‍ ആ ജോലി ആസ്വദിക്കുന്നുമുണ്ട്. കോഴിക്കോട് നഗരത്തിലെ  വിലപിടിപ്പുള്ള മറ്റു രണ്ടു ബ്രോക്കെര്‍മാരുടെ വാല് ആണ് ജെ.പി ഇന്ന്.അപ്രതീക്ഷിതമായി  അവന്‍ പരിചയപെടുന്ന അച്യുത മേനോന്‍ എന്ന വൃദ്ധന്‍, അയാളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റമാണ് ചിത്രം പറയുന്നത്. കാശ് ഉണ്ടാക്കാനായി ജീവിതം കൊണ്ടു ചൂതാട്ടം നടത്തുമ്പോള്‍ സന്ധ്യ മയക്കത്തില്‍ വീട്ടില്‍ കാത്തിരിക്കുന്നവരെ അവന്‍ ഓര്‍ക്കുന്നില്ല.നഷ്ടപ്പെട്ട് പോകുമായിരുന്ന സുന്ദരമായ ജീവിതം തിരിച്ചു കിട്ടുമ്പോള്‍  ജെ.പി മനസിലാക്കുന്നത്‌ കഴിഞ്ഞു പോയ ഇന്നലെയുടെ ഐശ്യരമാണ്. ഈ ചിത്രം പറയുന്നത് ഇന്നത്തെ സമൂഹത്തിന്‍റെ മാത്രമല്ല, കാലഘട്ടത്തിന്  അതീതമായ ഒരു സത്യം കൂടിയാണ്. മനസിലാക്കാന്‍ കഴിവുള്ളവര്‍ അങ്ങനെ ചെയ്യട്ടെ, എന്നതാകും സംവിധായകന്‍ ഉദ്ദേശിച്ചത്.

ജഗതി, തിലകന്‍,മാമ്മൂക്കോയ എന്നിവരുടെ അഭിനയ മുഹൂര്‍ത്തങ്ങളാല്‍  സമ്പന്നമാണ് 'ഇന്ത്യന്‍ റുപ്പീ'.നായകനെ പലപ്പോഴും ഇവര്‍ നിഷ്പ്രഭമാക്കുന്നുണ്ട്. എന്നിരുന്നാലും  ജെ.പി എന്ന ജയപ്രകാശിന്റെ മാനറിസങ്ങള്‍ പ്രിഥ്വിരാജ് എന്ന ഭാവി മലയാള സിനിമയുടെ സൂപ്പര്‍ നായകന്‍റെ കൈയില്‍ ഭദ്രമാണ്. റീമ കല്ലിങ്ങല്‍, ടിനി ടോം, ലാലു അലക്സ്‌, രേവതി എന്നിവരും ഉള്‍പ്പെട്ട ഈ സിനിമയുടെ താരനിര തങ്ങളുടെ ജോലികള്‍ ഒരു വിധം ഭംഗിയായി തന്നെ ചെയ്തു എന്ന് വേണം പറയാന്‍.

മനോഹരമായ ഒരു സായാന്ഹത്തില്‍ പ്രകൃതി ഒരുക്കിയ സംഗീതം ആസ്വദിക്കുന്ന പോലെ ഈ ചിത്രത്തിലും പ്രേക്ഷകനു വേണ്ടി  ശഹബാസ് അമന്‍ ഒരുക്കിയ 'ഈ പുഴയും, സന്ധ്യകളും'  എടുത്തു പറയേണ്ട ഒരു ഗാനോപഹാരമാണ്. കോഴിക്കോടിന്‍റെ മനോഹാരിത പകര്‍ത്തുന്നതില്‍ ക്യാമറമാന്‍ എസ്.കുമാറും മിടുക്ക് കാണിച്ചപ്പോള്‍ മലയാളിക്ക് ലഭിച്ചത് വിഷു കൈനീട്ടം പോലെ സ്വാദുള്ള ഒരു ഇന്ത്യന്‍ റുപീ.

അഴിക്കുന്തോറും മുറുകുന്ന കെട്ടുള്ള ഒരു കഥയൊന്നുമല്ല ഈ ചിത്രത്തിന്. പത്മരാജന്‍റെ സിനിമകളെ പോലെ ഒരു ചെറുകഥയെ സിനിമയുടെ സാധ്യതകളിലേക്ക് എത്തിക്കുന്നു. കണ്ടു മടുത്ത പ്രേമവും, ജാരസന്ധതി കഥകളേക്കാളും പ്രേക്ഷകന്‍ കാണാന്‍ ആഗ്രഹിക്കുന്നത് തനിക്കു നേരെ തുറന്നു പിടിച്ച കണ്ണാടികളെ  ആണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു.ശ്രീനിവാസനും, സത്യന്‍ അന്തിക്കാടും ഒക്കെ വിജയിച്ചതും ആ കഥ പറചിലുകളിലൂടെ മാത്രം ആയിരുന്നല്ലോ.

VERDICT: 3.5/5

Friday, October 7, 2011

സ്നേഹവീട് - Snehaveedu Review - * Mohanlal,Sheela

Share
മലയാളത്തിന്, മലയാളികള്‍ക്ക് അഭിമാനിക്കാനും ആസ്വദിക്കാനും ഒരു പിടി നല്ല ഗ്രാമീണ ചിത്രങ്ങള്‍ സംഭാവന ചെയ്ത സത്യന്‍ അന്തിക്കാട്-നെ ഓര്‍ത്തു കൊണ്ട് എഴുതട്ടെ.

കൊഴിഞ്ഞു പോയ പ്രതാപ കാലം  പിടിക്കാനായി പണ്ട് രാജാക്കന്മാര്‍ ഓരോ കാട്ടു  വിദ്യകള്‍ ചെയ്തിരുന്നു. നമ്മുടെ സൂപ്പര്‍ താരവും അങ്ങനെ ഒരു കാലം എറിഞ്ഞു പിടിക്കാന്‍ ഉള്ള ശ്രമത്തിലാണ്.അതിനായി അദ്ദേഹം കണ്ടു പിടിച്ച പോം വഴിയാണ്, സത്യന്‍ അന്തിക്കാട്.എന്നൊക്കെ അഞ്ചും ആറും പടങ്ങള്‍  ഒരുമിച്ചു പൊട്ടുന്നോ, അന്നൊക്കെ ലാല്‍-സത്യന്‍ സിനിമകള്‍ കേരളത്തില്‍ ഇറങ്ങും. ഇവര്‍ തമ്മില്‍ ഇടയ്ക്കുണ്ടായ സൌന്ദര്യ പിണക്കം വിസ്മരിക്കുന്നില്ല.
 
സംവിധായകന്‍ എന്ന നിലയില്‍ സ്വന്തമായ ഒരു സ്പേസ് ഉണ്ട് സത്യന്‍ അന്തിക്കാടിന്. കുടുംബങ്ങള്‍ക്ക്‌ പ്രിയപെട്ടവന്‍.ശ്രീനിവാസന്‍ എന്ന അതുല്യ  പ്രതിഭയോടൊത്ത്   അദ്ദേഹം ചെയ്ത സിനിമകള്‍  തന്നെയാണ് തീര്‍ച്ചയായും കാരണം.മോഹന്‍ലാല്‍ എന്ന നടന്‍റെ വളര്‍ച്ച തന്നെ ഈ കൂട്ടുകെട്ടിന്റെ കഥാപാത്രങ്ങളിലൂടെ ആയിരുന്നു.
 
ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ഷീലയും മോഹന്‍ലാലും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച സ്നേഹവീടിലൂടെ മറ്റൊരു അതിഭയങ്കരനായ സാധാരണക്കാരനെ വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറക്കിയിട്ടുണ്ട് നമ്മുടെ മേല്‍ പറഞ്ഞ സംവിധായകന്‍. ചക്കയും, മാങ്ങയും, അടക്കയും കൂടെ മലയാള സിനിമയുടെ സ്ഥിരം സാന്നിധ്യമായ ജാര സന്തതിയും ഉള്‍പെട്ട ഈ സ്നേഹവീട് പ്രേക്ഷകരെ നോക്കി കൊഞ്ഞനം കുത്തുകയാണ്. പ്രേക്ഷകന്‍റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന കഥയും, കണ്ടു മടുത്ത സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന തിരക്കഥയും സൃഷ്ട്ടിച്ച സംവിധായകന്‍, തനിക്കു വഴങ്ങുന്ന കലയല്ല എഴുത്ത് എന്ന് തെളിയിക്കുകയാണ് ഈ വീട്ടിലൂടെ.
 
ഗള്‍ഫ്‌ നാടുകള്‍ ഉപേക്ഷിച്ചു നൊസ്റ്റാള്‍ജിയ പ്രേതം പിടിച്ച നായകന്‍. ചെണ്ട കൊട്ടുക, ബോധമില്ലാത്ത മനുഷ്യര്‍ക്ക്‌ ബുദ്ധി ഉപദേശിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലൂടെ ഗ്രാമീണനായ നല്ല മനുഷ്യനെ നമ്മള്‍ മനസിലാക്കുന്നു. അങ്ങനെ വെയിലും, മഴയും കൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ ഇടയിലേക്ക് പെട്ടെന്ന് ആണ് 'നായകന്‍റെ മകന്‍' ആണെന്നും പറഞ്ഞു ഒരു പയ്യന്‍ എത്തുന്നത്‌.എന്നാല്‍ സ്ത്രീകളെ നോക്കുക കൂടി ചെയ്യാത്ത, അതി സുന്ദരനായ നായകന് ഇത് കേട്ട് ഞെട്ടല്‍. വിരട്ടി നോക്കി. ഓടിച്ചു നോക്കി. പിന്മാറുന്നില്ല.ഇത്രയും ആയപ്പോള്‍ നായകനായ അജയന്‍റെ അമ്മ അമ്മുക്കുട്ടിയമ്മക്ക് ഒരു സംശയം.പയ്യന്‍സ് പറഞ്ഞത് സത്യം തന്നെ ആണോ. പിന്നീടങ്ങോട്ട് കരളലിയിക്കുന്ന വികാര നിര്ഭര പ്രകടനങ്ങള്‍ ആണ്.ആരെയും വക വെക്കാതെ അമ്മുക്കുട്ടിയമ്മ ആ പയ്യനെ ഏറ്റെടുക്കുന്നു. സ്വന്തം പേരകുട്ടി ആണെന്നും പറഞ്ഞു പാവക്കാ തോട്ടം, വാഴ തോട്ടം, പശുവിനെ ഓടിച്ചിട്ട്‌ പിടിക്കല്‍ തുടങ്ങിയ കലകളിലൂടെ സ്നേഹിക്കുന്നു.ഇതിനിടയില്‍ പയ്യനെ ആന പിടിക്കും എന്ന് ഓര്‍ത്തു പാവം നായകനും ടെന്‍ഷന്‍ അടിക്കുന്നുണ്ട്..അവസാനം നായകനെ നല്ലവനാക്കി കാണിക്കാന്‍ സംവിധായകന്‍ പറയുന്ന ഒരു കാരണം കൂടി കേള്‍ക്കുമ്പോള്‍ പ്രേക്ഷകന്‍ കരുതും, ഈ അന്തിക്കാട്ടുകാരന്‍ ഒറിജിനല്‍ തന്നെ ആണോ? 
 
പല തലമുറകളെ സ്വാധീനിച്ചിട്ടുള്ള ലാല്‍ എന്ന മഹാ പ്രതിഭ ഈ അടുത്ത കാലത്തായി സത്യന്‍ ചിത്രങ്ങളില്‍ എത്തുമ്പോള്‍ അഭിനയിക്കാന്‍ മറന്നു പോകുകയാണോ? അതോ പ്രേക്ഷകനെ ചിരിപ്പിക്കാനായി അദ്ദേഹം കോമാളി ആകുകയാണോ ? 
 
ഒരു ഗ്രാമവും അവിടെ നന്മ മാത്രം ചെയ്യുന്ന ജനങ്ങളെയും, പുഴകളും മലകളും, നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന പച്ചപ്പും ഒക്കെ കാണാന്‍ വേണ്ടി ആണെങ്കില്‍ ഈ സിനിമയ്ക്കു കാശ് മുടക്കാം. അതല്ല, നല്ല കഥയും, രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന കഥാപാത്രങ്ങളെ ആണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും. മലയാളികളുടെ പ്രിയപ്പെട്ട ആ അന്തിക്കാട്ടുകാരന് അതിനു ബാല്യം ഉണ്ടാകുമോ എന്ന ചോദ്യം ഇനിയും അവശേഷിക്കുന്നു?
 
ഒരു വാക്ക് കൂടി : ഈ അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങില്‍ ഇത്രയും മോശം പേര് ഉള്ള ഒരു ചിത്രവും എന്ന നിലയില്‍ 'സ്നേഹവീട്' പ്രശംസ അര്‍ഹിക്കുന്നു.
 
VERDICT : 2/5