മലയാളത്തിന്, മലയാളികള്‍ക്ക് അഭിമാനിക്കാനും ആസ്വദിക്കാനും ഒരു പിടി നല്ല ഗ്രാമീണ ചിത്രങ്ങള്‍ സംഭാവന ചെയ്ത സത്യന്‍ അന്തിക്കാട്-നെ ഓര്‍ത്തു കൊണ്ട് എഴുതട്ടെ.
കൊഴിഞ്ഞു പോയ പ്രതാപ കാലം പിടിക്കാനായി പണ്ട് രാജാക്കന്മാര്‍ ഓരോ കാട്ടു വിദ്യകള്‍ ചെയ്തിരുന്നു. നമ്മുടെ സൂപ്പര്‍ താരവും അങ്ങനെ ഒരു കാലം എറിഞ്ഞു പിടിക്കാന്‍ ഉള്ള ശ്രമത്തിലാണ്.അതിനായി അദ്ദേഹം കണ്ടു പിടിച്ച പോം വഴിയാണ്, സത്യന്‍ അന്തിക്കാട്.എന്നൊക്കെ അഞ്ചും ആറും പടങ്ങള്‍ ഒരുമിച്ചു പൊട്ടുന്നോ, അന്നൊക്കെ ലാല്‍-സത്യന്‍ സിനിമകള്‍ കേരളത്തില്‍ ഇറങ്ങും. ഇവര്‍ തമ്മില്‍ ഇടയ്ക്കുണ്ടായ സൌന്ദര്യ പിണക്കം വിസ്മരിക്കുന്നില്ല.
സംവിധായകന്‍ എന്ന നിലയില്‍ സ്വന്തമായ ഒരു സ്പേസ് ഉണ്ട് സത്യന്‍ അന്തിക്കാടിന്. കുടുംബങ്ങള്‍ക്ക് പ്രിയപെട്ടവന്‍.ശ്രീനിവാസന്‍ എന്ന അതുല്യ പ്രതിഭയോടൊത്ത് അദ്ദേഹം ചെയ്ത സിനിമകള്‍ തന്നെയാണ് തീര്‍ച്ചയായും കാരണം.മോഹന്‍ലാല്‍ എന്ന നടന്‍റെ വളര്‍ച്ച തന്നെ ഈ കൂട്ടുകെട്ടിന്റെ കഥാപാത്രങ്ങളിലൂടെ ആയിരുന്നു.
ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ഷീലയും മോഹന്‍ലാലും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച സ്നേഹവീടിലൂടെ മറ്റൊരു അതിഭയങ്കരനായ സാധാരണക്കാരനെ വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറക്കിയിട്ടുണ്ട് നമ്മുടെ മേല്‍ പറഞ്ഞ സംവിധായകന്‍. ചക്കയും, മാങ്ങയും, അടക്കയും കൂടെ മലയാള സിനിമയുടെ സ്ഥിരം സാന്നിധ്യമായ ജാര സന്തതിയും ഉള്‍പെട്ട ഈ സ്നേഹവീട് പ്രേക്ഷകരെ നോക്കി കൊഞ്ഞനം കുത്തുകയാണ്. പ്രേക്ഷകന്‍റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന കഥയും, കണ്ടു മടുത്ത സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന തിരക്കഥയും സൃഷ്ട്ടിച്ച സംവിധായകന്‍, തനിക്കു വഴങ്ങുന്ന കലയല്ല എഴുത്ത് എന്ന് തെളിയിക്കുകയാണ് ഈ വീട്ടിലൂടെ.
ഗള്‍ഫ് നാടുകള്‍ ഉപേക്ഷിച്ചു നൊസ്റ്റാള്‍ജിയ പ്രേതം പിടിച്ച നായകന്‍. ചെണ്ട കൊട്ടുക, ബോധമില്ലാത്ത മനുഷ്യര്‍ക്ക് ബുദ്ധി ഉപദേശിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലൂടെ ഗ്രാമീണനായ നല്ല മനുഷ്യനെ നമ്മള്‍ മനസിലാക്കുന്നു. അങ്ങനെ വെയിലും, മഴയും കൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ ഇടയിലേക്ക് പെട്ടെന്ന് ആണ് 'നായകന്‍റെ മകന്‍' ആണെന്നും പറഞ്ഞു ഒരു പയ്യന്‍ എത്തുന്നത്.എന്നാല്‍ സ്ത്രീകളെ നോക്കുക കൂടി ചെയ്യാത്ത, അതി സുന്ദരനായ നായകന് ഇത് കേട്ട് ഞെട്ടല്‍. വിരട്ടി നോക്കി. ഓടിച്ചു നോക്കി. പിന്മാറുന്നില്ല.ഇത്രയും ആയപ്പോള്‍ നായകനായ അജയന്‍റെ അമ്മ അമ്മുക്കുട്ടിയമ്മക്ക് ഒരു സംശയം.പയ്യന്‍സ് പറഞ്ഞത് സത്യം തന്നെ ആണോ. പിന്നീടങ്ങോട്ട് കരളലിയിക്കുന്ന വികാര നിര്ഭര പ്രകടനങ്ങള്‍ ആണ്.ആരെയും വക വെക്കാതെ അമ്മുക്കുട്ടിയമ്മ ആ പയ്യനെ ഏറ്റെടുക്കുന്നു. സ്വന്തം പേരകുട്ടി ആണെന്നും പറഞ്ഞു പാവക്കാ തോട്ടം, വാഴ തോട്ടം, പശുവിനെ ഓടിച്ചിട്ട് പിടിക്കല്‍ തുടങ്ങിയ കലകളിലൂടെ സ്നേഹിക്കുന്നു.ഇതിനിടയില്‍ പയ്യനെ ആന പിടിക്കും എന്ന് ഓര്‍ത്തു പാവം നായകനും ടെന്‍ഷന്‍ അടിക്കുന്നുണ്ട്..അവസാനം നായകനെ നല്ലവനാക്കി കാണിക്കാന്‍ സംവിധായകന്‍ പറയുന്ന ഒരു കാരണം കൂടി കേള്‍ക്കുമ്പോള്‍ പ്രേക്ഷകന്‍ കരുതും, ഈ അന്തിക്കാട്ടുകാരന്‍ ഒറിജിനല്‍ തന്നെ ആണോ?
പല തലമുറകളെ സ്വാധീനിച്ചിട്ടുള്ള ലാല്‍ എന്ന മഹാ പ്രതിഭ ഈ അടുത്ത കാലത്തായി സത്യന്‍ ചിത്രങ്ങളില്‍ എത്തുമ്പോള്‍ അഭിനയിക്കാന്‍ മറന്നു പോകുകയാണോ? അതോ പ്രേക്ഷകനെ ചിരിപ്പിക്കാനായി അദ്ദേഹം കോമാളി ആകുകയാണോ ?
ഒരു ഗ്രാമവും അവിടെ നന്മ മാത്രം ചെയ്യുന്ന ജനങ്ങളെയും, പുഴകളും മലകളും, നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന പച്ചപ്പും ഒക്കെ കാണാന്‍ വേണ്ടി ആണെങ്കില്‍ ഈ സിനിമയ്ക്കു കാശ് മുടക്കാം. അതല്ല, നല്ല കഥയും, രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന കഥാപാത്രങ്ങളെ ആണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും. മലയാളികളുടെ പ്രിയപ്പെട്ട ആ അന്തിക്കാട്ടുകാരന് അതിനു ബാല്യം ഉണ്ടാകുമോ എന്ന ചോദ്യം ഇനിയും അവശേഷിക്കുന്നു?
ഒരു വാക്ക് കൂടി : ഈ അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങില്‍ ഇത്രയും മോശം പേര് ഉള്ള ഒരു ചിത്രവും എന്ന നിലയില്‍ 'സ്നേഹവീട്' പ്രശംസ അര്‍ഹിക്കുന്നു.
VERDICT : 2/5