Monday, December 13, 2010

ബെസ്റ്റ് ആക്ടര്‍ റിവ്യൂ : Best Actor Review - A Martin Prakkat Movie !

Share
 അറുപതിന്‍റെ നിറവിലും ഒരു ചെറുപ്പക്കാരന്റെ ആവേശത്തോടെ അതിലേറെ ഭ്രാന്തമായ ഒരു തരം വികാരത്തോടെ സിനിമയെ സ്നേഹിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. വ്യക്തിപരമായ അറിവോടെ അല്ല ഇതിവിടെ സ്ഥാപിക്കുന്നത്.അഭിനയിക്കുന്ന വേഷങ്ങള്‍ മാത്രം മതി അതിനു മായ്ച്ചാലും മായ്ച്ചാലും പോകാത്ത തരത്തിലുള്ള അടിവരയിടാന്‍.ആദ്യ ചിത്രമായ ബെസ്റ്റ് ആക്ടര്‍ 'മാര്‍ട്ടിന്‍ പ്രക്കാട്ട്' എന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലു വിളിയാണ്.കഥയില്ലാ നാട്ടില്‍ 'സിനിമ' എന്ന എവറസ്റ്റില്‍ കയറി നടു നിവര്‍ത്തി നിന്ന് വിജയകൊടി പാറിക്കുക.കൂട്ടിനു എന്നും യുവ പ്രതിഭകളെ സിനിമയുടെ മായിക ലോകത്തേക്ക് കൈ  പിടിച്ചു നടത്താന്‍ മുപ്പതു വര്‍ഷത്തെ പാരമ്പര്യവുമായി ഒരു വല്യേട്ടനും.ബിഗ്‌ സ്ക്രീന്‍ ഫിലിം ബാനെരില്‍ നൌഷാദ് നിര്‍മിച്ച ഈ ചിത്രത്തിന്‍റെ ഉള്ളറകളിലേക്ക് ഒരു ഒളിഞ്ഞു നോട്ടം.സ്വാഗതം.

യു.പി സ്കൂള്‍ അധ്യാപകനായ മോഹനനു സിനിമ നടന്‍ ആകണം.പ്രായം ഏറെ ആയെങ്കിലും ആ മോഹ മല ഉരുകിയിട്ടില്ല.ആഗ്രഹ സാഫല്യത്തിനായി പല വാതിലുകളും പതുക്കെയും ആഞ്ഞും ഒക്കെ ചവുട്ടി. ഉപദേശവും, റിസ്ക്‌ എന്ന വാക്കും അല്ലാതെ അയാള്‍ മറ്റൊന്നും കേട്ടില്ല. രണ്ടും കല്‍പ്പിച്ചു അയാള്‍ സിനിമയില്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ആയി വര്‍ക്ക്‌ ചെയ്യുന്ന നാട്ടുകാരനെ കാണാന്‍ പോകുന്നു.ഒരു ഗുണ്ട പശ്ചാത്തലമുള്ള സിനിമയാണ് ചെയ്യാന്‍ പോകുന്നതെന്നും മോഹന് അതിനു പറ്റിയ രീതികള്‍ ഇല്ലെന്നും അയാള്‍ പറയുന്നു.ഗുണ്ടകളുടെ ജീവിതം പഠിക്കാന്‍ മോഹന്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍ എത്തുന്നു.അവിടെ ഡെന്‍വര്‍ ആശാന്റെയും സംഘത്തിന്റെയും കൂടെ ചേരുന്നു.പക്ഷെ മോഹന്‍ നേരിട്ടത് വിധിയുടെ മറ്റൊരു കളിയെയായിരുന്നു.ആഗ്രഹിച്ചത് നേടാന്‍ അയാള്‍ക്ക്  പ്രതീക്ഷിക്കാത്ത വഴിയെ സഞ്ചരിക്കേണ്ടി വരുന്നു.മോഹന്‍റെ കൂടെ നമ്മളും..
 
പക്കാ തല്ലിപൊളി പടങ്ങള്‍ക്കിടയില്‍ നിന്ന് കൊണ്ടാണ് ഈ സിനിമയുടെ ക്വാളിറ്റി നമ്മള്‍ ചികയുന്നത്.ക്ലാസ്സിക്‌ സിനിമകള്‍ മലയാളിയുടെ മണ്ണില്‍ നിന്നും പണ്ടേക്കു പണ്ടേ ഒലിച്ചു പോയി.ഒരു കഥാപാത്രം അറിഞ്ഞു ഒന്ന് കരഞ്ഞാല്‍ കൂവാന്‍ പാകത്തിന് നമ്മുടെ പ്രേക്ഷകര്‍ റെഡി ആണ്.അവര്‍ക്ക് ഇന്ന് ആവശ്യം അതൊന്നുമല്ല.കുറെ നേരം ചിരിക്കുക.. കൊടുത്ത കാശു മുതലായി എന്ന് തോന്നണം.അത്ര മാത്രം! അങ്ങനെ നോക്കിയാല്‍ 'ബെസ്റ്റ് ആക്ടര്‍' എന്ന സിനിമ സംവിധായകന്‍റെ കൈയില്‍ വിജയമാണ്.നര്‍മ്മ രസങ്ങളുടെ മുഹൂര്‍ത്തം ഉണ്ട്, ഒരു കുടുംബത്തിന്‍റെ തണല്‍ ഉണ്ട്, വളരെ നല്ലൊരു ക്ലൈമാക്സ്‌ ഉണ്ട്. 
 
ഇത് സിനിമയാണ് , സിനിമ ! ഒരു സാധാരണക്കാരന്‍റെ  ജീവിതത്തില്‍  ഇങ്ങനെ ഒക്കെ നടക്കുമോ എന്ന് സിനിമ കണ്ടോടിരിക്കുമ്പോള്‍ ചിന്ധിച്ചാല്‍ അവിടെ കഴിഞ്ഞു. പക്ഷെ ഈ ഒരു സാധാരണക്കാരനില്‍ നിന്നും ഗുണ്ടയിലേക്കുള്ള നായകന്‍റെ രൂപാന്തരം പ്രേക്ഷകന് ഉള്‍ക്കൊള്ളുന്ന രീതിയില്‍ മാറ്റുന്നതില്‍ സംവിധായകനും തിരക്കഥാകൃത്തും  പരാചയപ്പെട്ടു.ഗുണ്ടകളെ (സലിം കുമാര്‍, ലാല്‍)  ഉപയോഗിച്ച് കോമഡി കാണിച്ചതും വളരെ അരോചകമായിരുന്നു.നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും കഥാപാത്രം അത് പറയുമ്പോള്‍ ചെറുതായി കല്ല്‌ കടി അനുഭവപെട്ടു.
 
എല്ലാ ന്യൂനതകളെയും മാറി കടക്കാന്‍ പാകത്തിന് ഉള്ളതായിരുന്നു ചിത്രത്തിന്‍റെ അവസാന നിമിഷങ്ങള്‍.അവിടെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചു.അത് വരെ 'ഇത് എന്തോന്ന്' എന്ന് ചിന്തിച്ചു കൊണ്ടിരുന്ന പ്രേക്ഷകര്‍ മറന്നു കൈയടിച്ചു.നല്ലൊരു സിനിമ കണ്ടു എന്ന ആശ്വാസത്തില്‍ തിയേറ്റര്‍ വിട്ടു.
 
ചിത്രത്തിന്‍റെ മറ്റെല്ലാ മേഖലകളും നല്ല നിലവാരം പുലര്‍ത്തി.പ്രത്യകിച്ചും ഗാനങ്ങള്‍.ബിജിബാല്‍ ഇണമിട്ട 'സ്വപ്നം ഒരു ചാക്ക്', 'കഥപോലൊരു'  എന്ന പാട്ടുകള്‍ പടത്തിന്റെ ആസ്വാദന നിലവാരത്തില്‍ വളരെ വ്യതസ്തത  ചെലുത്തി.ക്യാമറ ചെയ്ത അജയന്‍ വിന്സ്ന്റും തന്‍റേതായ കൈമുദ്ര പതിപ്പിച്ചപ്പോള്‍ 'ബെസ്റ്റ് ആക്ടര്‍' ഒരു 'ബെസ്റ്റ്' ചിത്രമായി മാറി.
 
VERDICT : 3/5
 
വാല്‍ക്കഷണം : സിനിമ നടന്‍ ആകാന്‍ നടക്കുന്നവര്‍ മോഹന്റെ വഴി പോയാല്‍ കുഴിയില്‍ വീഴും ! അത് കൊണ്ട് സിനിമ എടുത്തു ജീവിതമാകുന്ന കൈയ്പ്പു നീരില്‍ കലക്കരുത് ..