Thursday, November 18, 2010

The Thriller Review - ദി ത്രില്ലര്‍

Share
ഒന്ന് ആലോചിച്ചു നോക്കിയാല്‍ മലയാള സിനിമയോളം തന്നെ പഴക്കമുണ്ട് മലയാളത്തിലെ പോലീസ് കഥകള്‍ക്ക്. കണക്കു കാലത്തിന്‍റെ എണ്ണത്തിലല്ല, മറിച്ച് കഥാപാത്രങ്ങളുടെ കണക്കില്‍ ആണ്.ഒരു സിനിമയുടെ ഭാഗം മാത്രം ആയിരുന്നു പോലീസിനെ മുഴുനീള കഥാപാത്രമാക്കി ചിത്രം എടുത്തത്‌ എന്‍റെ ഓര്‍മയില്‍ ഐ.വി.ശശി,ഷാജി കൈലാസ് തുടങ്ങിയ സംവിധായകര്‍ ആണ്.അതില്‍ തന്നെ തന്തക്ക്‌ പിറന്ന, നട്ടെല്ലും ഇരട്ട ചങ്കും മാത്രം ഉള്ള പോലീസുകാരെ വാര്‍ത്തെടുത്തത് രണ്‍ജി പണിക്കര്‍ ആയിരുന്നു.ആണത്തത്തിന്റെ അവസാന വാക്ക് ആയിരുന്നു രണ്ജിയുടെ പോലീസുകാര്‍.പിന്നീടങ്ങോട്ട് ആര് പോലീസു കഥ എഴുതിയാലും ഉണ്ടാകുന്ന കഥ പാത്രത്തിനൊക്കെ ഒരേ ജെനുസ്  ആയിരുന്നു.ബി.ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ചു പ്രിഥ്വിരാജ് നായകനായ 'ദി ത്രില്ലര്‍' എന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ ഇവിടെ തുടങ്ങുന്നു.

സമകാലീന വിഷയങ്ങളെ സിനിമയാക്കുകയാണ് സാധാരണയായി ഈ സംവിധായകന്‍ ചെയ്യാറുള്ളത്.സിനിമക്ക് പറ്റിയ വിഷയം ഒന്നും രാവിലത്തെ പത്രങ്ങളില്‍ നിന്നും ഒത്തില്ലെങ്കില്‍ മാത്രമേ പിന്നെ 'ചിന്ത' എന്ന ഭാരപെട്ട പണിക്ക് പോകൂ.കഴിഞ്ഞ കാലചിത്രങ്ങളായ പ്രമാണി, മാടമ്പി എന്നിവയൊക്കെ ഇതിനൊരു തെളിവാണ്.ഇതില്‍ 'മാടമ്പി' അര്‍ഹിക്കുന്ന വിജയം നേടിയപ്പോള്‍ 'പ്രമാണി' പോയ വഴിക്ക് പിന്നെ പുല്ലു മുളച്ചിട്ടില്ല.അങ്ങനെയൊരു 'ഒത്താല്‍ ഒത്തു' സംവിധായകന്‍റെ ചിത്രങ്ങളെ ജനം സമീപിക്കുക അതെ മാനസിക അവസ്ഥയോടെ ആണ്.'ദി ത്രില്ലര്‍' എന്ന അദ്ധേഹത്തിന്റെ ഏറ്റവും പുതിയ ചിത്രവും അതിനൊരു അപവാദമാകുന്നില്ല .ഇവിടെ താന്‍ ചെയുന്നത് എന്തെന്ന് ഉണ്ണികൃഷ്ണന്‍ അറിയുന്നില്ല.ഒരു 'പുതിയ മുഖം' മലയാള സിനിമയില്‍ ഒരു മാറ്റത്തിനു തിരി തെളിച്ചത് അതിലെ പുതുമയുടെ സ്പാര്‍ക്കില്‍ ആയിരുന്നു.അതില്‍ തന്നെ ജനം കണ്ടു മടുത്ത പ്രിഥ്വി സ്റ്റൈല്‍ അടിയും ഇടിയും നടത്തവും എല്ലാം അതെ പടി പറിച്ചു നട്ടപ്പോള്‍ സംവിധായകന്‍ അറിഞ്ഞില്ല, താന്‍ ചെയ്യുന്ന മഹാ പാതകത്തെ പറ്റി.

ഘോര ഘോരമായി ചാനലുകളില്‍ മനുഷ്യന്‍ കാണാത്ത ഇംഗ്ലീഷ് , ഫ്രഞ്ച് സിനിമകളെ പറ്റി പറയുന്ന പ്രിഥ്വിരാജ് എന്ന നമ്മുടെ പുതിയ സൂപ്പര്‍ സ്റ്റാര്‍നു ഇതിപ്പോ എന്താ പറ്റിയത് ? നല്ല സിനിമകളെ പാടെ അവഗണിച്ചു ആക്ഷന്‍ സിനിമകളെ മാത്രം തെരഞ്ഞെടുക്കുന്നത് എന്ത് കൊണ്ടാണ് ? അതും എരിവും പുളിയും ഒന്നും ഇല്ലാത്ത തിരക്കഥകളില്‍ കണ്ണും പൂട്ടി അഭിനയിക്കുന്നു.ഇപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും അഭിമുഖീകരിക്കുന്ന അതെ അവസ്ഥയിലേക്ക് പോകാന്‍ പ്രിഥ്വിരാജിന് ഇങ്ങനെ ആണേല്‍ അധികം സമയം വേണ്ടി വരില്ല.നിരഞ്ജന്‍ എന്ന കഥാപാത്രത്തിന് അധികം അവസ്ഥകള്‍ ഇല്ല.ഗൌരവവും, ഇടയ്ക്കു പരിചയക്കാരെ കാണുമ്പോള്‍ മുഖത്ത് ഉണ്ടാകുന്ന ചെറിയൊരു പുഞ്ചിരിയും മാത്രം. കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം കാണാന്‍ കാത്തിരിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളെ ഈ നടന് വേണ്ടി ആരും ഇത് വരെ സൃഷ്ടിച്ചിട്ടില്ല.പക്ഷെ 'സത്യം' എന്ന വിനയന്‍ ചിത്രത്തിലെ പോലീസില്‍ നിന്നും ഇവിടെ ഇപ്പൊ പറഞ്ഞു കൊണ്ടിരുന്ന പോലിസുകാരനില്‍ എത്തിയപ്പോഴേക്കും പ്രിഥ്വി ഒരു പാട് വളര്‍ന്നു. കൂവിയവരെ കൊണ്ട് തന്നെ കൈ അടിപ്പിക്കാന്‍ ഉള്ള മരുന്ന് ഈ നടന്റെ പക്കല്‍ സുലഭം.

നിറയെ ഗുണ്ടകളെ ഈ ചിത്രത്തില്‍ കാണാന്‍ കഴിയും.തമിഴ്നടന്‍ സമ്പത്ത് ഒരു പ്രധാനപെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.സിദ്ധിക്ക്, ലാലു അലക്സ്‌ തുടങ്ങിയ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരിക്കുന്നു.മമത പാടി അഭിനയിച്ച ടൈറ്റില്‍ സോന്ഗ് ഈ സിനിമയിലെ ഒരു ഹൈ-ലൈറ്റ് ആണ്.സംഗീതം, എഡിറ്റിംഗ്, ക്യാമറ മുതലായ മറ്റെല്ലാ മേഖലകളിലും ഒരു താള പിഴവ് വ്യക്തമായിരുന്നു.

കുറവുകള്‍ :
ഷാജി കൈലാസ് ചിത്രങ്ങളെ അനുകരിക്കാന്‍ ഉള്ള വികലമായ ശ്രമങ്ങള്‍
അടി-പിടി സീനുകളുടെ ദൈര്‍ക്യം 
കണ്ടു മടുത്ത ക്ലൈമാക്സ്‌ ഞെട്ടിപ്പിക്കലുകള്‍ 
പ്രിഥ്വിരാജിന്‍റെ ചിലവില്‍ നടത്തുന്ന ഫാഷന്‍ ഷോ പോലെ ഒരു സിനിമ
പ്രേക്ഷകന്റെ മാനസിക അവസ്ഥയെ മനസിലാക്കാതെ ഉപയോഗിക്കുന്ന ബാക്ക് ഗ്രൌണ്ട് സൌണ്ടുകള്‍ 
തിരക്കഥയിലെ അപാകത

VERDICT : 2/5 

വാല്‍ക്കഷണം : ചില നേരം ഓര്‍ക്കും വിനയന്‍ ആയിരുന്നു ഭേദം എന്ന്.