Tuesday, March 2, 2010

വിണ്ണൈ താണ്ടി വരുവായാ - VTV Review !

ഒരു സംവിധായകന്റെ സിനിമ.മിക്ക സിനിമകളുടെയും പരസ്യ വാചകം ആയി ഇത് കണ്ടിട്ടുണ്ടാകും.'വിണ്ണൈ താണ്ടി വരുവായാ' അങ്ങനെയൊരു പരസ്യ വാചകത്തോട്‌ നൂറു ശതമാനം നീതി പുലര്‍ത്തുന്ന ചിത്രം ആണ്.ചിമ്പു നായകന്‍ ആയി അഭിനയിച്ച ഈ ചിത്രത്തെ 'A Story Based on True  Incident' എന്നും പറയാം.അതെ, ഗൌതം മേനോന്‍ എന്ന മികച്ച സംവിധായകന്‍ തന്റെ സ്വന്തം കഥ അഭ്രപാളികളില്‍ വരച്ചു കാട്ടുന്നു.ജീവിതത്തില്‍ തോല്‍വി ഉണ്ടായിട്ടും എങ്ങനെ വിജയിച്ചു  മുന്നേറാം എന്ന് തെളിയിക്കുകയാണ് സിനിമ കണ്ടതിനു ശേഷം അദേഹത്തിന്റെ ജീവിതത്തിലേക്ക്  നോക്കുമ്പോള്‍.ഓസ്കാര്‍ ജേതാവ് കൂടിയായ AR Rahman-ന്റെ മാന്ത്രിക സംഗീതവുമായി റിലീസ് ആയ ഈ സിനിമ ജീവിതത്തില്‍ ഒരു വട്ടം എങ്കിലും പ്രേമം അനുഭവിചിട്ടുള്ളവര്‍ക്ക് അനുഭൂതി ആയിരിക്കും.

പ്രണയം വിഷയമാക്കി ധാരാളം സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്.എന്നാല്‍ ഒരു സിനിമ പോലും റിയാലിറ്റി എന്ന 'സംഗതി'യെ പൂര്‍ണ്ണമായി കൂട്ട് പിടിച്ചിട്ടില്ല.വാണിജ്യ സിനിമയുടെ ഭാഗമാവാന്‍ അടിയും ഇടിയും എല്ലാം അതിനിടയില്‍ കയറി വരും.ഹീറോയിസം കാണിച്ചു നായികയെ അടിച്ചെടുത്തു കൊണ്ട് പോകുന്നതായിരിക്കും അതിന്റെ ഒക്കെ ക്ലൈമാക്സ്‌.അവിടെയാണ് വിണ്ണൈ താണ്ടി വരുവായാ എന്ന ചിത്രത്തിന്റെ പ്രസക്തി.

നായകനായ കാര്‍ത്തിക്കിന് സിനിമയാണ് ജീവിതം.ഒരു വലിയ സംവിധായകന്റെ കീഴില്‍ അസിസ്റ്റന്റ്‌ ആയി ജോലി ചെയ്തു ലോകം അറിയപെടുന്ന ഒരു ഫിലിം മേക്കര്‍ ആകുക എന്നതാണ് ലക്‌ഷ്യം.അതിനടയില്‍ കണ്ടു മുട്ടുന്ന പെണ്‍കുട്ടിയാണ് മലയാളിയായ ജെസ്സി.23 വര്‍ഷമായി ചെന്നൈ നഗരത്തില്‍ വളര്‍ന്നവള്‍.പക്ഷെ വേരുകള്‍ കേരളത്തില്‍.വ്യക്തമായി പറയുക ആണെങ്കില്‍ ആലപ്പുഴ.ക്രിസ്ത്യന്‍ .ജെസ്സിയെ കണ്ടു അനുരാഗ വിലോചനന്‍ ആകുന്ന നായകന്‍ അവളുമായി അടുപ്പത്തിലാകുന്നു.മതം എന്ന പ്രശനത്തിനപ്പുറം നായിക നായകനേക്കാള്‍ ഒരു വയസിനു മൂത്തത് എന്നതും ഇവര്‍ക്കിടയിലെ സങ്കോചം ആയിരുന്നു.പ്രേമത്തിന് കണ്ണും കാതും ഇല്ല എന്ന് പറയുന്നത് അന്വര്തമാക്കുന്ന ബന്ധം.മാനസികമായും ശാരീരികമായും അവര്‍ അടുത്തു.പക്ഷെ മനുഷ്യന്‍ ആഗ്രഹിക്കുന്ന വഴിയിലൂടെ അല്ല ജീവിതം പോകുന്നത് എന്ന് കാട്ടി തരുകയാണ്‌ ഗൌതം മേനോന്‍..

ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം റഹ്മാന്‍ സംഗീതം തന്നെ.ചിത്രത്തില്‍ ഉടനീളം പല സീനിലും ആ മാന്ത്രിക സംഗീതം വഹിക്കുന്ന പങ്കു വളരെ വലുത് ആണ്.മനോജ് പരമഹംസയുടെ ഛായാഗ്രഹണവും അത്യുഗ്രന്‍ . കലാസംവിധായകന്‍ രാജീവനും തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചു.

ഒരു ലളിതമായ കഥ.ഹീറോയിസം ലവ ലേശം കൂടെ ഇല്ല.ചിമ്പുവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ എന്ന് കണ്ണും അടച്ചു പറയാം.അട്ടഹാസവും ബഹളങ്ങളും ഇല്ലാതെ ഒരു ചിമ്പു സിനിമ ആര്‍ക്കും സ്വപ്നം കാണാന്‍ കഴിയില്ല.അവിടെയാണ് സംവിധായകന്റെ ധൈര്യപൂര്‍വ്വം ഉള്ള കാല്‍ വെയ്പ്പ്.വളരെ സുന്ദരിയാണ് ത്രിഷ ഈ ചിത്രത്തില്‍.പാറി പറക്കുന്ന മുടിയും വശീകരിക്കുന്ന നയനങ്ങളും ചെറുപ്പക്കാരില്‍ ആവേശം കൊള്ളിക്കും.

പല കാര്യങ്ങളും ചിത്രം പറയുന്നുണ്ട്.ഓരോ സംഭവങ്ങള്‍ക്ക് പിന്നിലും ഒരു 'കാരണം കാണിക്കല്‍' സംവിധായകന്‍ ചെയ്യുന്നില്ല.എല്ലാ കാര്യങ്ങളും വളരെ പെട്ടെന്ന് നടക്കുന്നവയാണ്.പെട്ടെന്ന് പ്രേമിക്കുന്നു, പെട്ടെന്ന് പിരിയുക, പിന്നീട് പെട്ടെന്ന് കാണുക, അങ്ങനെ.. അങ്ങനെ...എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു എന്ന് പറയും പോലെ.. എന്നാലും പ്രേക്ഷകനും വെള്ളിത്തിരയിലെ പ്രണയം ഫീല്‍ ചെയ്യാന്‍ പറ്റുന്നുണ്ട്.ചവറു കോമഡി, മസാല ഡാന്‍സ് ഇതൊന്നും ഇല്ല എന്നതും വളരെ ആശ്വാസകരമാണ്.ഇംഗ്ലീഷ്കാര്‍ എല്ലാ പാട്ടിലും ഡാന്‍സ് കളിക്കാന്‍ വരുന്നു എന്നത് മാത്രം കുറച്ച ബോറടിപ്പിച്ചു.കൂടാതെ ആസ്ഥാനത്തുള്ള ആദ്യത്തെ രണ്ടു പാട്ടുകളും.ഒറ്റ വാക്കില്‍ പറഞ്ഞാല്‍ , ഈ പ്രണയം നഷ്ടപെടുത്തരുത്.. !

VERDICT : 3.5/5 - മനോഹരമായ ഒരു പ്രണയ കാവ്യം... ഒരു മുത്തശ്ശി കഥ പോലെ.. നഷ്ടപ്പെട്ട് പോയ മുത്തിന്റെ ഓര്‍മ്മക്കായി..